തൊടുപുഴയില്‍ വിതരണം ചെയ്തത് 251 ഉപകരണങ്ങള്‍
ഇടുക്കി ജില്ലയിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 166 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, കൃത്രിമ കാല്‍, കൈ, മുച്ചക്രവാഹനം, വാക്കിങ് സ്റ്റിക്ക്, റോളേറ്റര്‍, ക്രച്ചസ്, ശ്രവണ സഹായി തുടങ്ങിയ 251 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
ഇടുക്കി, കട്ടപ്പന ബ്ലോക്ക് തല ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം തടിയമ്പാട് ഫാത്തിമ മാതാ പള്ളി ഓഡിറ്റോറിയത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കില്‍ നിന്ന് തെരഞ്ഞെടുത്ത 122 പേര്‍ക്കാണ് ഇവിടെ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വീല്‍ചെയര്‍, ശ്രവണ സഹായി, വാക്കിംഗ് സ്റ്റിക് ഉള്‍പ്പെടെ 9.23 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ എഡിഐപി പദ്ധതി പ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (അലിംകോ) യുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 2 ഘട്ടങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ 786 ഗുണഭോക്താക്കള്‍ക്കായി 61.62 ലക്ഷം രൂപയുടെ 1365 സഹായ ഉപകരണങ്ങളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്.
തടിയമ്പാട് ഫാത്തിമ മാതാ പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സി തോമസ്, ബാംഗ്ലൂര്‍ അലിംകോ സീനിയര്‍ മാനേജര്‍ എ.വി അശോക് കുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.ജെ ബിനോയ് എന്നിവര്‍ സംസാരിച്ചു.
തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ കെ ബിജു, അംഗങ്ങളായ ജോബി മാത്യു പൊന്നാട്ട്, ലാലി ജോയി, ഇളംദേശം ബ്ലോക്ക് അംഗം ആല്‍ബര്‍ട്ട് ജോസ്, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ബിനോയി വി ജെ എന്നിവര്‍ പങ്കെടുത്തു.
നെടുങ്കണ്ടം ബ്ലോക്കിലെ വിതരണം 16 ന് രാവിലെ 10 മണിക്ക് കല്ലാര്‍ കമ്മ്യൂണിറ്റിഹാളിലും അഴുത ബ്ലോക്കിലെ വിതരണം 16 ന് ഉച്ചയ്ക്ക് 2 മണിക്ക് പീരുമേട് എസ്. എം. എസ്. ലൈബ്രറി ഹാളിലും അടിമാലി ബ്ലോക്കിലെ വിതരണം 17 ന് തിങ്കളാഴ്ച രാവിലെ 10 ന് മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ദേവികുളം ബ്ലോക്കിലെ വിതരണം 17 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ക്യാമ്പസിലെ വി.എസ്.എസ്.എസ്.ഹാളിലും നടക്കും.