വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ജൂലൈയിലെ എഫ്.പി.ഐ നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും. മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയുമാണ് ഇന്ത്യയിലേക്ക് എഫ്.പി.ഐ എത്തിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയില്‍ എത്തിയതായി ഡിപ്പോസിറ്ററി ഡാറ്റകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ഘടകങ്ങളും മികച്ച കോര്‍പ്പറേറ്റ് വരുമാനവുമാണ് എഫ്.പി.ഐകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഉയര്‍ന്നുവരുന്ന മൂലധന ചെലവിടല്‍, മാനുഫാക്ചറിംഗ് മേഖലയുടെ വീണ്ടെടുപ്പ്, ശക്തമായ ബാങ്കിംഗ് മേഖല എന്നിവയെല്ലാം എഫ്പിഐകളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ, ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് നീങ്ങുമെന്നും മാന്ദ്യത്തിനുള്ള സാധ്യത വളരെ കുറവാണെന്നും നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. ഇത് യുഎസ് വിപണികളില്‍ റാലിക്ക് കാരണമാകുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള വളര്‍ച്ചാ വിപണികളോടുള്ള നിക്ഷേപകരുടെ മനോഭാവം ഉയര്‍ത്തുകയും ചെയ്യുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളിലേക്കുള്ള നിക്ഷേപങ്ങളും എഫ്.പി.ഐ വരവിലെ ഒരു പ്രധാന ഘടകമായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വാങ്ങല്‍ ആരംഭിച്ചത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിക്ഷേപത്തിന് പുറമെ ബള്‍ക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപവും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ഈവര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകര്‍ 34,626 കോടി രൂപ പിന്‍വലിച്ചിരുന്നു.
ഇക്വിറ്റികള്‍ക്ക് പുറമെ, ഈമാസം ഇതുവരെയുള്ള വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 1,076 കോടി രൂപ ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റിലേക്കും എത്തിച്ചിട്ടുണ്ട്. മേഖലകള്‍ തിരിച്ച് നോക്കുമ്പോള്‍ ധനകാര്യം, ഓട്ടോമൊബൈല്‍, മൂലധന ഉത്പന്നങ്ങള്‍, റിയല്‍റ്റി, എഫ്.എം.സി.ജി എന്നിവയില്‍ എഫ്.പി.ഐകള്‍ ശക്തമായ നിക്ഷേപം തുടരുകയാണ്. ഇത് ഇത്തരം മേഖലകളിലെ ഓഹരികളുടെ കുതിപ്പിന് കാരണമായി. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പങ്കാളിത്തം സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കയറുന്നതിലും പ്രധാന പങ്കു വഹിച്ചു.