വായ്പാ വിതരണത്തിലും കിട്ടാക്കടത്തിലും വന്‍ വര്‍ദ്ധന

Related Stories

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ വിതരണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) വായ്പകള്‍ 16 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ നിക്ഷേപങ്ങള്‍ 8 ശതമാനവും കൂടി. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം രണ്ട് ശതമാനം ഉയര്‍ന്ന് 69 ശതമാനമായി. ഇത് സംസ്ഥാനത്തെ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. അതേസമയം ബാങ്കുകളിലെ കിട്ടാക്കടവും വര്‍ദ്ധിക്കുന്നതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്രി- എസ്.എല്‍.ബി.സി.) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്കാണ് (എം.എസ്.എം.ഇ) കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ബാങ്കുകള്‍ കൂടുതലായും വായ്പ നല്‍കിയിരിക്കുന്നത്. എസ്.എല്‍.ബി.സി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ബാങ്കുകള്‍ 3,494 കോടി രൂപയുടെ അധിക വായ്പകള്‍ എം.എസ്.എം.ഇകള്‍ക്കായി നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തിലെ ആകെ വായ്പ ഇതോടെ 68,451 കോടി രൂപയായി. ഇതില്‍ സ്വകാര്യ ബാങ്കുകളില്‍നിന്ന് 50.90 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 45.16 ശതമാനം വായ്പകളുമാണ് നല്‍കിയിരിക്കുന്നത്. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിച്ച വായ്പയില്‍ 58.14 ശതമാനവും നേടിയത് സേവന മേഖലയാണ്. മാനുഫാക്ചറിംഗ് മേഖല 28.25 ശതമാനവും റീട്ടെയില്‍ വ്യാപാരമേഖല 12.76 ശതമാനവും നേടിയെന്നാണ് കണക്കുകള്‍.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ വിതരണം ലക്ഷ്യമിട്ടതിലും കൂടുതലായിരുന്നു. പ്രൈമറി സെക്ടറില്‍ 1.62 ലക്ഷം കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ 1.91 ലക്ഷം കോടി രൂപ വിതരണം ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍ 46.99 ശതമാനവും സ്വകാര്യ ബാങ്കുകള്‍ 30.01 ശതമാനവുമാണ് വിതരണം ചെയ്തത്. 10ജില്ലകള്‍ 100 ശതമാനത്തിന് മുകളില്‍ വായ്പ വിതരണം ചെയ്തു. 175 ശതമാനം വിതരണം ചെയ്ത എറണാകുളം ഒന്നാമതും 173 ശതമാനവുമായി തിരുവനന്തപുരം രണ്ടാമതുമാണ്.

സെക്കന്‍ഡറി സെക്ടറില്‍ 120 ശതമാനമാണ് ലക്ഷ്യം കൈവരിച്ചത്. 100 ശതമാനത്തിലധികം ലക്ഷ്യം നേടിയത് 9 ജില്ലകളാണ്. എറണാകുളം (202 ശതമാനം), തിരുവനന്തപുരം (179 ശതമാനം), ആലപ്പുഴ (162 ശതമാനം) എന്നിവയാണ് മുന്നില്‍. ഈ വിഭാഗത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ 50.49 ശതമാനവും സ്വകാര്യ ബാങ്കുകള്‍ 37.70 ശതമാനവുമാണ് വിതരണം ചെയ്തത്.

അതേസമയം സംസ്ഥാനത്തെ ബാങ്കുകളില്‍ കിട്ടാക്കടം കൂടുതലും ഉള്ളത് എം.എസ്.എം.ഇ. വായ്പകളിലാണ്. 8.26 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടമെന്ന് എസ്.എല്‍.ബി.സി. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം 7.43 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ മാത്രം 1942 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തിട്ടുണ്ടെന്ന് എസ്.എല്‍.ബി.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കിട്ടാക്കടം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഭവന വായ്പകളിലാണ്. 1.61 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടം. കാര്‍ഷിക വായ്പകളിലെ കിട്ടാക്കട നിരക്ക് 3.38 ശതമാനമാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories