വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

Related Stories

കുറഞ്ഞ പലിശനിരക്കില്‍ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അംഗീകാരം നല്‍കി. വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ജൂലൈ 19ലെ ഉത്തരവിലൂടെയാണ് അംഗീകാരം നല്‍കിയത്. 2023 മാര്‍ച്ച് 31ലെ കണക്കുകളനുസരിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 3260 കോടി രൂപയോളമാണ്. നിലവില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി കുറഞ്ഞ പലിശ നിരക്കില്‍ കുടിശ്ശിക തീര്‍ക്കാനാവുക. 2023 ജൂലൈ 20 മുതല്‍ 2023 ഡിസംബര്‍ 30 വരെയായിരിക്കും പദ്ധതിയുടെ കാലാവധി.
വൈദ്യുതി കുടിശ്ശികക്ക് നിലവില്‍ വൈദ്യുതി ബോര്‍ഡ് 18 ശതമാനം പിഴപ്പലിശയാണ് ഈടാക്കുന്നത്. എന്നാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ യുള്ള കുടിശ്ശികക്ക് 6 ശതമാനം പലിശയും അഞ്ച് വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികക്ക് 5 ശതമാനം പലിശയും പതിനഞ്ച് വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികക്ക് 4 ശതമാനം പലിശയും നല്‍കിയാല്‍ മതിയാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടക്കുന്നതിന് 12 തവണകള്‍ വരെ അനുവദിക്കും.
കോടതി നടപടികളില്‍ കുടുങ്ങി തടസ്സപ്പെട്ടുകിടക്കുന്ന കുടിശ്ശിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചു തീര്‍ക്കാനാവും. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടക്കേണ്ട മിനിമം ഡിമാന്റ് ചാര്‍ജ് പുനര്‍നിര്‍ണ്ണയം ചെയ്ത് മിനിമം ഡിമാന്റ് ചാര്‍ജില്‍ കുറവുവരുത്തി പിരിച്ചെടുക്കുന്നതിനും വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടിയ ഉപഭോക്താക്കളില്‍ പലകാരണങ്ങളാല്‍ മേല്‍പദ്ധതി വഴി കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ മികവ് കാണിക്കുന്ന സെക്ഷന്‍ ഓഫീസുകള്‍, സബ്ഡിവിഷന്‍ ഓഫീസുകള്‍, ഡിവിഷന്‍ ഓഫീസുകള്‍, സര്‍ക്കിള്‍ ഓഫീസുകള്‍ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്ക് ഉചിതമായ ഇന്‍സെന്റീവും പ്രോത്സാഹനവും നല്‍കണമെന്നും കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories