ചാന്ദ്രയാൻ ദൗത്യത്തിൽ കേരളത്തിൽ നിന്നും ഭാഗമായത് പതിനഞ്ചോളം സ്വകാര്യവ്യവസായശാലകൾ. എയ്റോപ്രിസിഷൻ, ബി.എ.ടി.എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പി.എം.എസ് എന്നീ സ്ഥാപനങ്ങളാണ് പൊതുമേഖലയ്ക്കൊപ്പം കേരളത്തിൻ്റെ അഭിമാനമായ സ്വകാര്യ സംരംഭങ്ങൾ.
ചാന്ദ്രയാൻ 3 കുതിച്ചുയരുമ്പോൾ കേരളത്തിൻ്റെ ഒരു സ്വപ്നത്തിന് കൂടിയാണ് ചിറക് മുളക്കുന്നത്.
കേരളത്തെ എയ്റോസ്പേസ് ഉൽപ്പന്നങ്ങളുടെ ഉല്പാദന, സേവന ഹബ്ബായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ബഹിരാകാശ സാങ്കേതിക വിദ്യയിൽ കൂടുതൽ സ്റ്റാർട്ടപ്പുകളെ സൃഷ്ടിച്ചെടുക്കാൻ കേരളം ശ്രമിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
സംസ്ഥാനത്തിൻ്റെ അഭിമാനമായി മാറാൻ പോകുന്ന സ്ഥാപനങ്ങളിലൊന്നായിരിക്കും സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ബഹിരാകാശ പാർക്ക്. ഇതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചക്കായി കേരള സ്പേസ് പ്രൊജക്റ്റിൻ്റെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ബഹിരാകാശത്തും നമുക്കൊരു കൈ നോക്കാമെന്നും അതിനുള്ള മരുന്നൊക്കെ കേരളത്തിലുണ്ടെന്നും തെളിയിക്കുന്നതാണ് ചാന്ദ്രയാൻ 3ൽ നമ്മുടെ പങ്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.