സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ എത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമുണ്ടാകില്ല. എന്റെ കുട്ടി എവിടെ എത്തി? എത്തേണ്ട സമയം കഴിഞ്ഞല്ലോ? എന്തെങ്കിലും അപകടം പറ്റിയോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളാണ് മനസ്സില്‍ കടന്നെത്തുന്നത്. എന്നാല്‍ ഇനി ആ ഭീതി വേണ്ട… സംസ്ഥാനസര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വിദ്യാവാഹന്‍ ആപ്പിലൂടെ വിദ്യാലയങ്ങളിലേക്ക് സ്‌കൂള്‍ ബസുകളില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ യാത്രാവിവരങ്ങള്‍ വീട്ടിലിരുന്ന് നിരീക്ഷിക്കാം.
വിദ്യാവാഹന്‍ പദ്ധതിയിലൂടെ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ശക്തമായതോടെ കുട്ടികളെ ബസ് ഉടമകള്‍ക്ക് കുത്തിനിറച്ചു കൊണ്ടുവരാന്‍ സാധിക്കില്ല. ഇതിനുപുറമേ മൊബൈല്‍ ആപ്പ് കൂടി സജ്ജമായതോടെ സ്‌കൂള്‍ ബസ്സില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു ബസ് എവിടെയെത്തി, വേഗത, മറ്റു മുന്നറിയിപ്പുകള്‍ എല്ലാം ആപ്പിലൂടെ രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും.
*സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടത്
സ്‌കൂള്‍ അധികൃതര്‍ സുരക്ഷാമിത്ര https://tracking.keralamvd.gov.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള സ്‌കൂള്‍ ബസുകള്‍ക്ക് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ഥികളുമായി സഞ്ചരിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് സുരക്ഷാമിത്ര പോര്‍ട്ടലും വിദ്യാവാഹന്‍ ആപ്പും പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ സുരക്ഷാ മിത്ര’ സോഫ്‌റ്റ്വെയറില്‍ നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പില്‍ ലഭിക്കുക. ഓരോ സ്‌കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പ് , യാത്ര ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, ഡ്രൈവര്‍, സഹായി, സ്‌കൂള്‍ മാനേജര്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉള്‍കൊള്ളിക്കണം. ഈ സംവിധാനം സ്‌കൂള്‍ അധികൃതരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മഞ്ഞ പെയിന്റ് അടിച്ച സ്‌കൂള്‍ ബസുകള്‍ക്ക് മാത്രമാണ് ഉണ്ടായിരിക്കുക.
*മാതാപിതാക്കള്‍ക്കായി വിദ്യാവാഹന്‍ ആപ്പ്
തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ആപ്പിന്റെ സൗകര്യം രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കണം. സംശയനിവാരണത്തിനായി 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താം. ഈ നമ്പര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനവുമായി സ്‌കൂള്‍ അധികൃതര്‍ ബന്ധിപ്പിക്കുന്നതോടെ അവരവരുടെ മക്കളുടെ സഞ്ചാരപ്പാത ഗൂഗിള്‍ മാപ്പില്‍ കാണുന്നതുപോലെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തും. നല്‍കിയിട്ടുള്ള നമ്പര്‍ ഉപയോഗിക്കുന്ന ഫോണില്‍ പ്ലേസ്റ്റോറില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം അതേ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യുക. ഫോണില്‍ വരുന്ന നാലക്ക ഒടിപി നമ്പര്‍ നല്‍കി ആപ്പിലേക്ക് പ്രവേശിക്കാം. സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ തിരഞ്ഞെടുക്കുന്നതിലൂടെ വാഹനത്തിന്റെ ലൊക്കേഷന്‍, വേഗത, മറ്റു മുന്നറിയിപ്പുകള്‍ എന്നിവ നിങ്ങള്‍ക്ക് അറിയാം.
അടിയന്തര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ആപ്പിലെ സെറ്റിംഗ്‌സ് ഓപ്ഷനിലൂടെ നിങ്ങളുടെ കുട്ടികള്‍ ഇറങ്ങേണ്ട സ്ഥലവും രേഖപ്പെടുത്താന്‍ സാധിക്കും. വാഹനത്തിന് എന്തെങ്കിലും അപകടമുണ്ടായാല്‍ ആ വിവരവും കണ്ട്രോള്‍ റൂമില്‍ എത്തും. ബസ് യാത്ര തുടങ്ങുന്നതു മുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും. അതിവേഗമെടുത്താല്‍ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും. കുട്ടികള്‍ വെവ്വേറെ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിലൂടെ നിരീക്ഷിക്കാനാകും.
ഇടുക്കി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 804 വാഹനങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാനാകും.