പുത്തൻ ഉൽപ്പന്നങ്ങളുമായി കേരള സോപ്സ്

0
124

കേരളത്തിൻ്റെ സ്വന്തം കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലേക്ക്. പൊതുമേഖലാ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വൈവിധ്യവൽക്കരണ പരിപാടികളുടെ ഭാഗമായി ഹാൻ്റ് വാഷ്, ഡിറ്റർജൻ്റ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്. നിലവിൽ കേരളത്തിലെ ചുരുക്കം ഔട്ട്ലെറ്റുകളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നങ്ങൾ വളരെ പെട്ടെന്നുതന്നെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാക്കും. നിലവിൽ കേരളത്തിന് പുറമെ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും റിലയൻസിന്റെ 2500 ഓളം വരുന്ന ഔട്ട്ലെറ്റുകളിലും കേരള സോപ്സ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഈ മാസം തന്നെ സൗദി അറേബ്യയിലും കേരള സോപ്സ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ഫാക്ടറി ആധുനീകവത്കരണത്തിന്റെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീൻ, സെമി ഓട്ടോമാറ്റിക്സ് പൗച്ച് സീലിംഗ് മെഷീൻ, ഓട്ടോമാറ്റിക് സാമ്പിൾ സോപ്പ് സ്റ്റാമ്പിങ് മെഷീൻ എന്നിവ ഫാക്ടറിയിൽ പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ലിക്വിഡ് ബോഡി വാഷ്, ഷവർജൽ, സാന്റൽ മഞ്ഞൾ സോപ്പ് എന്നിവ വിപണിയിൽ എത്തിക്കാനുള്ള അവസാന ഘട്ട പരീക്ഷണത്തിലാണ്. കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയാണ് വിപണിയിൽ കേരള സോപ്പ്സിന്റ വിപണനശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടുകൂടി വിതരണക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.