ബാങ്ക് ജീവനക്കാര്‍ക്ക് അഞ്ച് പ്രവൃത്തി ദിവസമാക്കിയേക്കും

0
456

ബാങ്ക് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമാക്കിയേക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (ഐബിഎ) വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമായി (യുഎഫ്ബിയു) ജൂലൈ 28ന് നടത്തുന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.

പ്രതിവാര അവധി രണ്ട് ദിവസമാക്കുന്നത് കൂടാതെ, ജീവനക്കാരുടെ ശമ്ബള വര്‍ധനവും വിരമിച്ചവര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയും യോഗത്തില്‍ ചര്‍ച്ചയാകും. ദിവസേന 40 മിനിറ്റ് അധികം ജോലി ചെയ്യണമെന്നും കരട് നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകിട്ട് 5.30 വരെയായിരിക്കും പുതിയ പ്രവൃത്തി സമയം.

2021ല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ആയിരുന്നു ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കി ചുരുക്കണമെന്ന നിര്‍ദേശം നടപ്പിലാക്കിയത്. ഇതിന് പിന്നാലെ സമാന ആവശ്യവുമായി ബാങ്ക് ജീവനക്കാരെത്തുകയായിരുന്നു.

അതേസമയം ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ എല്ലാ ഞായറാഴ്ചകളിലും, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലുമാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ഇതിനോടൊപ്പം ആഘോഷദിവസങ്ങളിലും അവധിയാണ്. ആര്‍ബിഐ തയ്യാറാക്കുന്ന അവധി ദിനങ്ങളുടെ പട്ടിക എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും ബാധകമാണ്.