കേരളത്തിൽ 14 ജില്ലകളിലും കാരവന്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു . കെ.ടി.ഡി.സിയുമായി ചേര്‍ന്ന് ബോള്‍ഗാട്ടി, പൊന്‍മുടി എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പാര്‍ക്ക് തുടങ്ങും. കുറഞ്ഞത് 50 സെന്റ് സ്ഥലം പാര്‍ക്കുകള്‍ക്ക് ആവശ്യമാണ്. ടൂറിസം കേന്ദ്രങ്ങളോട് ചേര്‍ന്നാകും പാര്‍ക്ക് നിര്‍മിക്കുക. മറ്റുവകുപ്പുകളുമായി ചര്‍ച്ച ചെയ്ത് പാര്‍ക്കുകള്‍ തുടങ്ങാന്‍ സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബറില്‍ ഇത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മാര്‍ക്കറ്റിംഗിനായി 1.5 കോടി രൂപ നല്‍കിയിട്ടുണ്ട്. റെസ്റ്റ് ഹൗസുകള്‍ വഴി ഒരു ലക്ഷത്തിലധികം ആളുകള്‍ മുറികള്‍ ബുക്ക് ചെയ്തതോടെ എട്ടുകോടിയുടെ വരുമാനം സര്‍ക്കാരിനുണ്ടായി. ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റ് ഹൗസുകള്‍ നവീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
രണ്ട് വര്‍ഷത്തിനിടെ പൊതുമരാമത്ത് വകുപ്പിന്റെ അമ്പത് ശതമാനം റോഡുകളും ബി.എം ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തി. പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ക്കായുള്ള ഒരു വര്‍ഷത്തെ റണ്ണിംഗ് കരാര്‍ 20026 കിലോമീറ്ററാക്കി.രണ്ട് വര്‍ഷം കൊണ്ട് 67 പാലങ്ങളും നിര്‍മിച്ചു.റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. പൊതുമരാമത്ത് ടൂറിസം വകുപ്പുകള്‍ യോജിച്ചു നടത്തുന്ന രൂപകല്പനാ നയത്തിന്റെ കരടായെന്നും മന്ത്രി പറഞ്ഞു.