ട്രൈബൽ കോ -ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഇന്നു മുതൽ 12 വരെ മറയൂർ, തേക്കടി, ചാലക്കുടി, അട്ടപ്പാടി, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ട്രൈബൽ ആർട്ടിസാൻ മേളകൾ സംഘടിപ്പിക്കും. മൂന്നാർ മറയൂർ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ഇന്നും തേക്കടി വനശ്രീ ഹാളിൽ 5നും ചാലക്കുടി ഫോറസ്റ്റ് ഐ.ബി ഹാളിൽ 7നും അട്ടപ്പാടി മുക്കാലി ഫോറസ്റ്റ് ഡോർമെറ്ററിയിൽ 9നും വയനാട് മീനങ്ങാടി മിൽക്ക് സൊസൈറ്റി ഹാളിൽ 11നും സുൽത്താൻ ബത്തേരി എസ്.എം.ഐ.എ.എസ് കോളേജിൽ 12നുമാണ് മേള നടക്കുക.
പ്രതിഭാധനരായ ആദിവാസി കരകൗശല തൊഴിലാളികളെ എം പാനൽ ചെയ്യുക, കരകൗശല വൈദഗ്ദ്ധ്യത്തിന് അംഗീകാരം നൽകുക എന്നതാണ് ലക്ഷ്യം. കാട്ടുനായകൻ, ചോലനായ്ക്കർ, ഹിൽപുലയ, മലയരയർ, മലയർ, കാടർ, കുറുമ്പർ തുടങ്ങിയ ഗോത്രവിഭാഗങ്ങൾ പാരമ്പര്യകലകളും കരകൗശല വസ്തുക്കളുമായി മേളയിൽ പങ്കെടുക്കും.
ഡിസൈനർമാർ, കയറ്റുമതിക്കാർ തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, സ്ഥിരമായ പിന്തുണ, വിപണി പ്രവേശനം എന്നിവയും മേളയുടെ ലക്ഷ്യമാണ്. കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ, ആഭരണങ്ങൾ, മരപ്പണികൾ, മൺപാത്രങ്ങൾ, വിസ്മയിപ്പിക്കുന്ന ചിത്രരചനകൾ തുടങ്ങി ഗോത്രപാരമ്പര്യം നിറഞ്ഞുനിൽക്കുന്ന നിരവധി വസ്തുക്കൾ മേളകളിൽ പ്രദർശിപ്പിക്കും.