ബസുകളിലെ സീറ്റുകൾ ബുക്ക് ചെയ്യാൻ കെ.എസ്.ആർ.ടി.സിയുമായി ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ളിയർ ട്രിപ്പ് ധാരണയിലെത്തി. കേരളത്തിന് പുറത്തും സർവീസ് നടത്തുന്ന ബസുകളിൽ ക്ളിയർ ട്രിപ്പിന്റെ സേവനം ലഭ്യമാകും. കേരളത്തിന്റെ വിനോദസഞ്ചാരത്ത പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സി ബസുകളുടെ അന്തർസംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് ക്ലിയർട്രിപ്പ് ഹെഡ് ഒഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു പറഞ്ഞു. 24 മണിക്കൂറും ബുക്കിംഗ് സൗകര്യം ലഭിക്കും. ഓരോ ബസ് ബുക്കിംഗിനും സൂപ്പർ കോയിനുകൾ നൽകും. ബുക്കിംഗുകൾ സ്വയം റദ്ദാക്കാനും സൗകര്യം ലഭിക്കും. ബുക്കിംഗിന് പ്രത്യേക ചാർജ് ഈടാക്കില്ല. റദ്ദാക്കിയാൽ തുക തിരികെ നൽകും.
ഫ്ളിപ്പ് കാർട്ടിന്റെ ഉപസ്ഥാപനമായ ക്ളിയർ ട്രിപ്പ് ഈവർഷം ആദ്യമാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിൽ 10 ലക്ഷം ബസുകൾ കമ്പനിയുടെ ശൃംഖലയിലുണ്ട്. സ്വകാര്യമേഖല ഉൾപ്പെടെ 4,500 ബസുകളാണ് കേരളത്തിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓൺലൈൻ ട്രാവൽ ഏജൻസിയെന്ന (ഒ.ടി.എ) അംഗീകാരവും ക്ളിയർ ട്രിപ്പ് നേടിയിരുന്നു.