പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഒഫ് ബറോഡയുടെ 2024 സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിലെ അറ്റാദായം 87.72 ശതമാനം വർദ്ധിച്ചു. മുൻവർഷം സമാന കാലയളവിൽ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയിൽ നിന്ന് 4,070.1 കോടി രൂപയായി അറ്റാദായം ഉയർന്നു. പ്രവർത്തന വരുമാനത്തിൽ 42.9 ശതമാനത്തിൻറെയും പ്രവർത്തന ലാഭത്തിൽ 73 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കി.
ജൂൺ പാദത്തിലെ മൊത്തം വരുമാനം 29,878.07 കോടി രൂപയാണ്, ഇത് 2022- 23 ആദ്യപാദത്തിലെ മൊത്തം വരുമാനമായ 20,119.52 കോടി രൂപയിൽ നിന്ന് 48.50 ശതമാനം കൂടുതലാണ്. മുൻ പാദത്തിലെ 29,322.74 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ ചെറിയ വർദ്ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അറ്റ നിഷ്ക്രിയ ആസ്തി കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പാദത്തിലെ 12,652.74 കോടി രൂപയിൽ നിന്ന് ഈവർഷം ജൂൺ പാദത്തിൽ 7,482.45 കോടി രൂപയായി കുറഞ്ഞു.
മുൻപാദവുമായുള്ള താരതമ്യത്തിൽ അറ്റ എൻപിഎ 10.75 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം നിഷ്ക്രിസ്തി അനുപാതം മുൻവർശം സമാന കാലയളവിൽ രേഖപ്പടുത്തിയതിൽ നിന്ന് 275 ബി.പി.എസ് കുറഞ്ഞ് 3.51 ശതമാനമായി കുറച്ചു. 80 ബി.പി.എസ് കുറഞ്ഞ് അറ്റ എൻ.പി.എ 0.78 ശതമാനമായി മെച്ചപ്പെട്ടു. അറ്റപലിശ വരുമാനത്തിൽ 24.4 ശതമാനം വളർച്ചയാണ് ഉണ്ടായത്.