സംസ്ഥാനത്ത് ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി കേരള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച പ്രൊഫഷണല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജുകളോടും സര്‍വകലാശാലകളോടും ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഇൻഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അവിടുത്തെ അടിസ്ഥാന വികസനത്തിനുള്ള ഇൻസെന്റീവ് സര്‍ക്കാര്‍ നല്‍കി അദ്ധ്യാപകരുടെയോ വിദ്യാര്‍ത്ഥികളുടെയോ ഗവേഷണഫലങ്ങളുടെ ഉല്പാദനത്തിന് ഈ പാര്‍ക്കില്‍ മുൻഗണന നല്‍കണം. മറ്റ് വ്യവസായങ്ങള്‍ക്കും അവസരം നല്‍കും.
പഠനം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ജോലി ചെയ്യാനും കഴിയും. പഠനവിഷയവുമായി ബന്ധപ്പെട്ട തൊഴിലാണ് ചെയ്യുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കോ ക്രെഡിറ്റോ നല്‍കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിജ്ഞാന അധിഷ്ഠിത സമ്പദ് ഘടന
ശക്തിപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവ രണ്ടിലും ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയുന്ന സാമൂഹിക വിഭാഗമാണ് പ്രൊഫഷണലുകള്‍.
വിജ്ഞാന സമൂഹ നിര്‍മ്മിതിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത് പോലെതന്നെ അതിനകത്ത് സംഘടിത സംഭാവനകള്‍ നല്‍കാൻ കഴിയുന്ന വിഭാഗമാണ് ഇവരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈജ്ഞാനിക സമൂഹ നിര്‍മ്മിതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്ബോള്‍ കേരള സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം വഹിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായി ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമായി കേരളം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി ജീനോം ഡാറ്റാ സെന്ററിന് തുടക്കംകുറിച്ചതും കേരളമാണ്. വളരെ വൈദഗ്ധ്യമുള്ളവരാണ് അതിന് നേതൃത്വം നല്‍കുന്നത്- മന്ത്രി പറഞ്ഞു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, ആര്‍കിടക്‌ട് ജി ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.