വില നിയന്ത്രണം:സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം

0
218

ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം. ഡിസംബർ 31 വരെ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സെപ്റ്റംബറിൽ സവാള വില ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കയറ്റുമതി തീരുവ വർധിപ്പിച്ചത്.

കയറ്റുമതി തീരുവ ഏർപ്പെടുത്തുന്നതോടെ ഇന്ത്യൻ സവാളയുടെ വില പാകിസ്ഥാൻ, ചൈന, ഈജിപ്ത് എന്നിവിടങ്ങളിലേതിനേക്കാൾ വർദ്ധിക്കും. ഇത് സ്വാഭാവികമായും കയറ്റുമതി കുറയാനും പ്രാദേശിക വില കുറയ്ക്കാനും സഹായിക്കും.  ക്രമരഹിതമായ മഴയും കാലാവസ്ഥയും ഉത്പാദനത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം സവാളയുടെ വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ഓഗസ്‌റ്റ് 10ലെ കണക്കനുസരിച്ച്, സവാളയുടെ അഖിലേന്ത്യാ റീട്ടെയിൽ വില കിലോഗ്രാമിന് 27.90 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കിലോഗ്രാമിന് 2 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.