പുതിയ നിക്ഷേപങ്ങൾ നേടുന്നതിൽ കേരളം പിന്നിൽ: യു പിയും, ഗുജറാത്തും മുന്നിൽ

0
608

ബാങ്കുകളുടെ സഹായത്തോടെയുളള പുതിയ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2022-23 കാലയളവിൽ ബാങ്കുകളിൽ നിന്ന് നിക്ഷേപം നേടിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം അവസാന മൂന്നിലാണ്. അതേ സമയം ഈ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിലായി മൊത്തം നിക്ഷേപത്തിൽ 79.50 ശതമാനം വർദ്ധനവുണ്ടായി. 352,624 കോടി രൂപയുടെ റെക്കോർഡ് മൂലധന വർദ്ധനവാണ് ഉണ്ടായത്. 2014-15 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണിത്.

2022- 23 കാലയളവിലെ മൊത്തം നിക്ഷേപങ്ങളുടെ 57.2 ശതമാനവും (2,01,700 കോടി രൂപ) ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കർണാടക, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നടന്നത്. മൊത്തം നിക്ഷേപങ്ങളുടെ 16.2 ശതമാനം യു പിയും, 14 ശതമാനം ഗുജറാത്തും, 11.8 ശതമാനം ഒഡീഷയും, 7.9 ശതമാനം മഹാരാഷ്ട്രയും, 7.3 ശതമാനം കർണാടകയും നേടി. കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. മൊത്തം നിക്ഷേപങ്ങളുടെ 0.9 ശതമാനം മാത്രമാണ് കേരളം നേടിയത്. കേരളത്തിന് ലഭിച്ചതിൽ കൂടുതലും ചെറിയ നിക്ഷേപങ്ങൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.