ഐ.ടി അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ‘വര്‍ക്കേഷന്‍’ പദ്ധതിയുമായി ടൂറിസം ഡെവലപ്മെന്റ് കോർപ്പറഷൻ. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി ബന്ധിപ്പിക്കുന്ന പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രം കെ.ടി.ഡി.സിയും ടെക്നോപാർക്കും ഇന്ന് കൈമാറും.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കുന്നതിനൊപ്പം ഓൺലൈനിൽ ജോലി ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് വർക്കേഷൻ. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം എന്നിവ പോലുള്ള പുതുതലമുറ തൊഴിൽ രീതിയാണ് വർക്കേഷൻ. ജീവനക്കാരെ കൂടുതൽ ഊർജസ്വലരാക്കാൻ ആഗോള കമ്പനികൾ ഈ രീതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിനോദ സഞ്ചാരത്തിനൊപ്പം തൊഴിൽ എടുക്കേണ്ടി വരുന്നവർക്കായി ഇൻറർനെറ്റ് ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.ടി.ഡി.സി. പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്ക് കമ്പനികൾക്ക് പ്രത്യേക പാക്കേജായി വർക്കേഷൻ സൗകര്യം ലഭ്യമാക്കും.