ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് എന്ന സ്വപ്നം യാഥാർഥ്യമായി. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റിംഗ് സുരക്ഷാ പദ്ധതിയായ ഭാരത് എൻക്യാപിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തുടക്കം കുറിച്ചു. ഇത് രാജ്യത്തിന് ചരിത്രപരമായ ദിവസമാണെന്നും 30 മോഡലുകളുടെ ക്രാഷ് ടെസ്റ്റിംഗിനായി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റ് അനുസരിച്ച് വാഹന നിര്‍മാതാക്കള്‍ക്ക് യാത്രാവാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ഹാജരാക്കാന്‍ കഴിയും. ഇടിപരീക്ഷ ഉള്‍പ്പെടെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഉറപ്പാക്കുന്ന സുരക്ഷ, മുതിർന്നവർക്ക് ലഭിക്കുന്ന സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ വാഹനത്തിന് കൃത്യമായ റേറ്റിംഗ് നൽകും.
സുരക്ഷ വിലയിരുത്തി വാഹനം തിരഞ്ഞെടുക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗ്ലോബൽ എൻക്യാപ് പ്രോട്ടോക്കോളുകൾക്ക് സമാനമായിരിക്കും ഭാരത് എൻക്യാപ് പ്രോട്ടോക്കോളുകളും.