ഓണക്കാലം മുന്‍നിര്‍ത്തി സംസ്ഥാനത്തെ റേഷന്‍കടകളും സപ്ലൈകോയും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തം സ്ഥലത്ത് നിന്ന് ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുണ്ടെങ്കില്‍ ഏത് റേഷൻ കടയിൽ നിന്നും കിറ്റ് വാങ്ങാൻ സൗകര്യം ഒരുക്കും.
വ്യാഴാഴ്ച (24/08/2023) മുതൽ ഞായറാഴ്ച (27/08/2023) വരെ റേഷൻ കടകളിൽ ഓണക്കിറ്റുകൾ ലഭ്യമാകും. തിങ്കളാഴ്ചയും (28/08/2023) റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. തുടർന്ന് തിരുവോണം മുതൽ ചതയം വരെ മൂന്ന് ദിവസം അടച്ചിടും.
87,690 മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നത്. സംസ്ഥാനത്ത് 5,87,691 എഎവൈ കാർഡ് ഉടമകളും 20,000 ക്ഷേമസ്ഥാപനങ്ങളുമാണുള്ളത്. തുണി സഞ്ചിയിൽ പാക്ക് ചെയ്ത ഓണക്കിറ്റിൽ 14 ഇനങ്ങളാണുള്ളത്.