യുപിഐ ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കാനറ ബാങ്ക്.
യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് കാനറ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചത്. ‘കാനറ ഡിജിറ്റൽ റുപ്പി ആപ്പ്’ എന്നാണ് ആപ്ലിക്കേഷന്റെ പേര്.
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ മൊബൈൽ ആപ്പിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് കാനറ ബാങ്ക്. ഇതുവഴി ഏതൊരു വ്യാപാരിയുടെയും യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റൽ കറൻസി ഉപയോഗിച്ച് പണമടയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ഡിജിറ്റൽ റുപ്പി പൈലറ്റ് പദ്ധതിയിൽ പങ്കെടുക്കുന്ന എല്ലാ ബാങ്കുകളും സിബിഡിസിയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.