നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായി രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിൽ പണലഭ്യത കമ്മിയായി. ഇതോടെ വായ്‌പകൾക്കുള്ള പണം കണ്ടെത്തുന്നതിന് നിക്ഷേപങ്ങൾക്ക് കൂടിയ നിരക്കിൽ പലിശ നൽകാൻ ബാങ്കുകൾ നിർബന്ധിതമാകും. എന്നാൽ ഇത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കും. കൂടിയ നിരക്കിൽ നിക്ഷേപം സ്വീകരിക്കാൻ നിർബന്ധിതമായാൽ വായ്‌പാ നിരക്കുകളും ഉയരുo.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ താത്കാലിക പണലഭ്യത പിൻവലിക്കൽ നടപടികളും നികുതി ഓവർഫ്ലോയുമാണ് പണ ലഭ്യത ഇടിയാൻ കാരണം. ആർബിഐയുടെ കണക്കുകൾ പ്രകാരം ആഗസ്റ്റ് 21ന് ബാങ്കിംഗ് മേഖലയിലെ പണലഭ്യതയിൽ 23,600 കോടി രൂപയുടെ കമ്മിയാണ് രേഖപ്പെടുത്തിയത്.
ഈ മാസം ആദ്യം 2.8 ലക്ഷം കോടി രൂപയായിരുന്നു പണലഭ്യത. എന്നാൽ മെയ് 19നും ജൂലൈ 28നും ഇടയിൽ ലഭിച്ച അധിക നിക്ഷേപത്തിന് 10 ശതമാനം അധിക ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) നിലനിർത്താൻ ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചത്തോടെയാണ് പണലഭ്യത ഇടിഞ്ഞത്. പണലഭ്യത കമ്മിയായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് ആർബിഐ തീരുമാനിക്കും. കമ്മി താത്കാലികമാണെങ്കിൽ ആർബിഐ ഇടപെടൽ ഉണ്ടാകില്ല.