ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) കുറവ്. 2023-24 ഏപ്രിൽ-ജൂൺ കാലയളവിൽ വിദേശ നിക്ഷേപം 34 ശതമാനം കുറഞ്ഞ് 10.94 ബില്യൺ ഡോളറായി. കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ടെലികോം, ഓട്ടോ, ഫാർമ തുടങ്ങിയ മേഖലകളിലേക്കുള്ള കുറഞ്ഞ നിക്ഷേപമാണ് ഇതിലേക്ക് നയിച്ചത്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ വിദേശ നിക്ഷേപം 16.58 ബില്യൺ ഡോളറായിരുന്നു. 2022-2023 ജനുവരി-മാർച്ച് കാലയളവിലെ നിക്ഷേപവും 40.55 ശതമാനം കുറഞ്ഞ് 9.28 ബില്യൺ ഡോളറായിരുന്നു.
ഈ സാമ്പത്തിക വർഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിദേശ നിക്ഷേപം യഥാക്രമം 5.1 ബില്യൺ, 2.67 ബില്യൺ, 3.16 ബില്യൺ യുഎസ് ഡോളറായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 6.46 ബില്യൺ, 6.15 ബില്യൺ, 3.98 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) റിപ്പോർട്ടിൽ പറയുന്നു.
മറ്റ് രാജ്യങ്ങളിലെ വിദേശ നിക്ഷേപത്തിലും ഇടിവ് രേഖപ്പെടുത്തി. ചൈനയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ 2.7% കുറവാണ് ഉണ്ടായത്. അന്താരാഷ്ട്ര പ്രതീസന്ധികളെ തുടർന്ന് വഷളായ യൂറോപ്പിലെയും യുഎസിലെയും മാന്ദ്യം കമ്പനികളെ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്ന് തടയുകയാണെന്നാണ് വിലയിരുത്തൽ.