വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട, ഇടത്തരം സംരംഭകർ ഉത്പാദിപ്പിക്കുന്ന 96 ഇനം ഉത്പന്നങ്ങൾ കൂടി കെ സ്റ്റോറുകൾ വഴി വിൽക്കാൻ തീരുമാനം. രണ്ടു ഘട്ടങ്ങളിലായി 285 റേഷൻകടകൾ കെ സ്റ്റോറുകളാക്കി മാറ്റിയതിൽ നിന്നു പ്രതീക്ഷിച്ച വരുമാനം വ്യാപാരികൾക്കു ലഭിക്കാതെ വന്ന സാഹചര്യത്തിലാണു കൂടുതൽ ഉത്പന്നങ്ങൾ എത്തിക്കുന്നത്.
ഓരോ സ്ഥലത്തെയും പ്രാദേശിക ആവശ്യം അനുസരിച്ചുള്ള ഉത്പന്നങ്ങളായിരിക്കും അവിടത്തെ കെ സ്റ്റോറുകളിലെത്തിക്കുക. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പുമായി ചർച്ച നടത്തിയാണ് ഓരോയിടത്തും ഉത്പന്നങ്ങൾ തീരുമാനിക്കുക.
നിലവിൽ ശബരി ഉത്പന്നങ്ങൾ, മിൽമയുടെ നെയ്യ്, പായസ മിക്സ് എന്നിവയും 5 കിലോ ഗ്രാമിന്റെ പാചക വാതക സിലിണ്ടറുമാണ് റേഷന് പുറമേ കെ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്നത്. അരിപ്പൊടി, ഗരംമസാല, ബിരിയാണി റൈസ്, പപ്പടം, സവാള, ഉള്ളി, വെളുത്തുള്ളി, വെളിച്ചെണ്ണ, ചോക്ലേറ്റ്, കപ്പ, ഉപ്പേരി ഇനങ്ങൾ, കരകൗശല വസ്തുക്കൾ, പഴങ്ങൾ, ബിസ്കറ്റ്, സ്നാക്സ്, പാൽ, തൈര്, മിനറൽ വാട്ടർ, അഗർബത്തി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഹാൻഡ് വാഷ്, സോപ്പ്, ലോഷൻ സോപ്പുപൊടി, കുട തുടങ്ങിയ ഉത്പന്നങ്ങളാകും കെ സ്റ്റോറുകളിൽ പുതുതായി എത്തിക്കുക.