ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3

0
540

ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ -3. പ്രഗ്യാൻ റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമുള്ള ആദ്യത്തെ ഇൻ-സിറ്റു റെക്കോർഡിംഗുകളുടെ ഫലങ്ങളും ഇസ്‌റോ പങ്കിട്ടിരുന്നു. ഹൈഡ്രജനായുള്ള തിരച്ചിൽ നടക്കുകയാണെന്നും ഏജൻസി അറിയിച്ചു.

സൾഫറിന് പുറമെ അലുമിനിയം (Al), കാൽസ്യം (Ca), ഇരുമ്പ് (Fe), ക്രോമിയം (Cr), ടൈറ്റാനിയം (Ti), മാംഗനീസ് (Mn), സിലിക്കൺ (Si), ഓക്സിജൻ (O) എന്നിവയുൾപ്പെടെയുള്ള മൂലകങ്ങളും റോവർ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി മൂലകങ്ങൾ സ്ഥിരീകരിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങിയ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ഓരോ കണ്ടെത്തലുകളും നിർണായകമാണ്. ചാന്ദ്ര സൂര്യാസ്തമയത്തിന് മുമ്പ് പരമാവധി ഡാറ്റ ശേഖരിക്കുന്നതിലാണ് ഏജൻസി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.