ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
അതേസമയം അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിച്ചു. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണം. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഒസിസിആർപി റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് കനത്ത ഇടിവ് നേരിട്ടു. ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണി മൂല്യത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍ നിന്ന് 10,49,044.72 കോടിയിലെത്തി.