ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയ്ക്ക് 7.8 ശതമാനം ജിഡിപി വളർച്ച: ചൈനയും, അമേരിക്കയും പിന്നിൽ

0
316

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദത്തിൽ (ഏപ്രില്‍-ജൂൺ) 7.8 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച 6.1 ശതമാനമായിരുന്നു.

ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപി വളർച്ച 7.8 ശതമാനമായിരിക്കുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. മുൻവർഷത്തെ ആദ്യ പാദത്തിലെ 13.5 ശതമാനം ജിഡിപി വളർച്ചയേക്കാൾ കുറവാണെങ്കിലും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സ്ഥിരമായ വേഗത്തിലാണ് വളരുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ വളർച്ച കൂടുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പവും ക്രമരഹിതമായ കാലാവസ്ഥയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ ഉത്പ്പാദന, സേവന, കയറ്റുമതി മേഖലകളിൽ ശക്തമായ വളർച്ചയുണ്ടായി.

ഈ വർഷം അവസാനം വരെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സഹായിച്ചത് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്ചറിംഗ്, ഖനനം, വ്യാപാരം, ഹോട്ടല്‍, ഗതാഗതം, ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ്, പൊതുഭരണം, പ്രതിരോധം എന്നീ മേഖലകളുടെ മികച്ച പ്രകടനമാണ്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിർത്താനും ഇന്ത്യക്ക് കഴിഞ്ഞു. ചൈന കഴിഞ്ഞ പാദത്തില്‍ വളര്‍ന്നത് 6.3 ശതമാനമാണ്. അമേരിക്ക 2.4 ശതമാനം, യു.കെ 0.2 ശതമാനം, ഫ്രാന്‍സ് ഒരു ശതമാനം, ജപ്പാന്‍ 1.5 ശതമാനം, ഇന്തോനേഷ്യ 5.17 ശതമാനം, സൗദി അറേബ്യ 1.1 ശതമാനം എന്നിങ്ങനെയാണ് വളർച്ച.