ചന്ദ്രയാന് പിന്നാലെ ആദിത്യ എൽ വൺ: കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും

0
681

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ 11.50നാണ് ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം.

78 കോടി കിലോമീറ്റര്‍ സഞ്ചരിച്ച മംഗള്‍യാന്‍ കഴിഞ്ഞാല്‍ ഇന്ത്യ നടത്തുന്ന ഏറ്റവും ദൂരം കൂടിയ പര്യവേക്ഷണ ദൗത്യമാണു ആദിത്യ എല്‍ വണ്‍. സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. 5 കൊല്ലവും രണ്ടു മാസവും നീണ്ടുനില്‍ക്കുന്ന ദൗത്യം വിജയിച്ചാല്‍ സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയുടെ മധ്യദൂര റോക്കറ്റായ പി.എസ്.എല്‍.വി. എക്സ് എലാണ് ആദിത്യയെ ആദ്യ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.