അദാനിക്ക് പിന്നാലെ വേദാന്തയും വെട്ടിൽ: ഗുരുതര ആരോപണങ്ങളുമായി ഒസിസിആർപി

0
529

പ്രമുഖ എണ്ണ ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആർപി). 2021ല്‍ കോവിഡിന്റെ സമയത്ത് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ സ്വാധീനിക്കാന്‍ വേദാന്ത ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ആരോപണം.


2021 ജനുവരിയില്‍ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ മുന്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് ഇത് സംബന്ധിച്ച കത്ത് നല്‍കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. പാരിസ്ഥിതിക അനുമതികള്‍ നേടണമെന്ന നിബന്ധന ഒഴിവാക്കിയാല്‍ ഖനന കമ്പനികൾക്ക് ഉൽപ്പാദനം 50% വരെ വർദ്ധിപ്പിക്കാൻ കഴിയുമെന്നും, ഇത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സഹായിക്കുമെന്നും ഗവണ്‍മെന്റിന് വരുമാനവും വന്‍തോതില്‍ തൊഴില്‍ ലഭ്യതയും ഉറപ്പാക്കാമെന്നുമാണ് കത്തിൽ പറയുന്നത്.

കൂടാതെ വേദാന്തയുടെ എണ്ണ വിഭാഗമായ കെയിന്‍ ഇന്ത്യ സര്‍ക്കാര്‍ ലേലം ചെയ്ത ഓയില്‍ ബ്ലോക്കുകളിലെ പര്യവേക്ഷണ ഡ്രില്ലിംഗിനുള്ള പൊതു ഹിയറിംഗുകള്‍ ഇല്ലാതാക്കുന്നതിനെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ വേദാന്ത ഗ്രൂപ്പ് നിഷേധിച്ചു.