ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് നേട്ടം: 11% വാർഷിക വർദ്ധന

0
285

ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ച് രാജ്യം. ഓഗസ്റ്റിലെ ചരക്ക് സേവന നികുതി 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ ഓ​ഗസ്റ്റിനെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ലഭിച്ചത്. ഈ വർഷം ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ആദ്യ സാമ്പത്തിക പാദത്തിൽ ജിഡിപി വളർച്ച 7.8 ശതമാനമാണ്.

ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയിൽ, സിജിഎസ്ടി ഘടകം 28,328 കോടി രൂപയും, എസ്ജിഎസ്ടി 35,794 കോടി രൂപയും, ഐജിഎസ്ടി 83,251 കോടി രൂപയും, സെസ് 11,695 കോടി രൂപയും ഉൾപ്പെടുന്നു. ആളുകൾ കൃത്യമായി ജിഎസ്ടി അടക്കുന്നത് കാരണമാണ് കളക്ഷനിൽ വർധനവുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജിഎസ്ടി കളക്ഷൻ വർധിപ്പിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഓരോ തവണ സാധനം വാങ്ങുമ്പോഴും ബില്ലുകൾ ചോദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മേരാ ബിൽ മേരാ അധികാർ’ പദ്ധതി അടുത്തിടെ അവതരിപ്പിച്ചു. മേരാ ബില്‍ മേരാ അധികാര്‍ മൊബൈല്‍ ആപ്പില്‍ ജി.എസ്.ടി ബിൽ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ചത് പ്രകാരം ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഹരിയാന, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി ആരംഭിക്കും.