പ്രഥമ സൗര ദൗത്യ വിക്ഷേപണം വിജയം: ആദിത്യ എല്‍ 1 ലാഗ്രാഞ്ച് പോയിന്റിലേക്ക് യാത്ര തുടങ്ങി

0
466

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം വിജയകരം. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ഇതോടെ ഉപഗ്രഹം ലാഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുമെന്നും 125 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്രയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.


സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. കഴിഞ്ഞ മാസം അവസാനം റഷ്യയെ തോൽപ്പിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ആദ്യത്തെ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യം.

ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.