വിദേശ നിക്ഷേപകർക്ക് പ്രിയം ഇന്ത്യയോട്: ചൈനക്ക് തിരിച്ചടി

0
495

ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞമാസം ഏറ്റവുമധികം വിദേശ നിക്ഷേപമെത്തിയ രാജ്യമായി ഇന്ത്യ. ബ്ലൂംബെര്‍ഗിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റില്‍ 157.73 കോടി ഡോളറിന്റെ (ഏകദേശം 13,​000 കോടി രൂപ)​ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ സ്വന്തമാക്കിയത്.

ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുകിയപ്പോൾ ചൈനയടക്കം മറ്റ് പ്രമുഖ ഏഷ്യന്‍ വികസ്വര രാജ്യങ്ങളെല്ലാം നിക്ഷേപ നഷ്ടം നേരിട്ടു. മലേഷ്യ 3.5 കോടി ഡോളര്‍ (290 കോടി രൂപ)​ നിക്ഷേപം നേടിയപ്പോൾ, ചൈനയില്‍ നിന്ന് കഴിഞ്ഞമാസം 1,230 കോടി ഡോളര്‍ (ഒരു ലക്ഷം കോടി രൂപ)​ പിന്‍വലിക്കുകയാണ് വിദേശ നിക്ഷേപകര്‍ ചെയ്തത്. തായ്‌വാനില്‍ നിന്ന് 455 കോടി ഡോളറും (37,​000 കോടി രൂപ)​ ഇന്തോനേഷ്യയില്‍ നിന്ന് 126.3 കോടി ഡോളറും (10,000 കോടി രൂപ) നിക്ഷേപകർ​​ പിന്‍വലിച്ചു.

തുടര്‍ച്ചയായ ആറാം മാസമാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം പോസിറ്റീവായി തുടരുന്നത്. ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ, കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച പ്രവര്‍ത്തനം, മറ്റ് സമ്പദ്ശക്തികളെ അപേക്ഷിച്ച് താരതമ്യേന നിയന്ത്രിതമായ പണപ്പെരുപ്പം, ചൈനയ്ക്ക് ഏറ്റവും അനുയോജ്യമായ ബദല്‍ തുടങ്ങിയ പ്രത്യേകതകളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.