രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, ദൈനംദിന ചെലവുകൾക്കായി സംസ്ഥാന സർക്കാർ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പണം ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ 1700 കോടി രൂപ പിൻവലിക്കാനാണ് തീരുമാനം. ഈ ആഴ്ച തന്നെ പണം ട്രഷറിയിലെത്തും. മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്ന് 1200 കോടി രൂപയും, കള്ളുചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 500 കോടി രൂപയും എടുക്കും. ഇത് ട്രഷറിയിൽ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും. കൂടുതൽ ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പലതും പ്രതിസന്ധിയിലാണ്.
ആദായനികുതി വകുപ്പ് തെറ്റായി പിരിച്ചെടുത്ത 1000 കോടി രൂപ ബിവറേജസ് കോർപ്പറേഷന് ലഭിക്കാനുണ്ട്. ഇത് ലഭിച്ചാൽ സർക്കാരിന് നൽകിയേക്കും. ഓണച്ചെലവ് കണക്കിലെടുത്തും മറ്റ് ഇടപാടുകൾക്ക് പണമില്ലാതെ വരാതിരിക്കാനുമാണ് സർക്കാരിന്റെ ഈ നീക്കം. ഈ വർഷം കേന്ദ്രം അനുവദിച്ച വായ്പയിൽ 2000 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്.
ഓണച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ട്രഷറി നിയന്ത്രണം കൊണ്ടുവന്നിരുന്നു. 10 ലക്ഷം രൂപയ്ക്കുമേലുള്ള ബില്ലുകള്‍ മാറുന്നതിനാണ് ട്രഷറിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് പരിധി 5 ലക്ഷം രൂപയായി കുറച്ചു. നികുതി വരുമാനവും ചെലവും പരിശോധിച്ച് സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ചേ ട്രഷറി ഇടപാടുകളില്‍ ഇളവ് അനുവദിക്കൂ. ഈ മാസം പകുതി വരെയെങ്കിലും നിയന്ത്രണം തുടരും.