സൗരയൂഥത്തില്‍ മറഞ്ഞിരിക്കുന്ന ഒമ്പതാമൻ: പുതിയ പഠനവുമായി ഗവേഷകർ

0
624

സൗരയൂഥത്തില്‍ നമ്മുടെ ദൃഷ്ടി എത്താത്ത കോണില്‍ ഒരു ഗ്രഹം മറഞ്ഞിരിപ്പുണ്ടെന്ന ജ്യോതിശാസ്ത്രജ്ഞരുടെ സംശയത്തിന് ആക്കംകൂട്ടി ജാപ്പനീസ് ഗവേഷകരുടെ പുതിയ പഠനം. സൗരയൂഥത്തിലെ വിദൂരമേഖലയായ കുയ്പ്പര്‍ ബെല്‍റ്റിൽ (Kuiper Belt) ഏതാണ്ട് ഭൂമിയുടെ വലുപ്പമുള്ള ഒരു ഗ്രഹം മറഞ്ഞിരിക്കുന്നെന്നാണ്, ‘ദി അസ്‌ട്രോണമിക്കല്‍ ജേര്‍ണലി’ല്‍ വന്ന പഠനം പറയുന്നത്. കിൻഡായി സർവകലാശാലയിലെ പാട്രിക് സോഫിയ ലികാവ്ക, നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഓഫ് ജപ്പാനിലെ തകാഷി ഇറ്റോ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.

സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന് തൊട്ടപ്പുറത്തായി സ്ഥിതി ചെയ്യുന്ന മേഖലയാണ് കുയ്പ്പര്‍ ബെല്‍റ്റ്. ഗ്രഹങ്ങളെ പോലെ തന്നെ കുയ്പ്പര്‍ ബെല്‍റ്റിലെ വസ്തുക്കളും സൂര്യനെ വലയം ചെയ്യുന്നുണ്ട്. ഛിന്നഗ്രഹങ്ങള്‍, ബഹിരാകാശ ശിലകള്‍, ധൂമകേതുക്കള്‍, ഹിമക്കട്ടകള്‍ എന്നിവയെല്ലാം നിറഞ്ഞ മേഖലയാണ് കുയ്പ്പര്‍ ബെല്‍റ്റ്. തങ്ങളുടെ പഠനത്തില്‍ കുയ്പ്പര്‍ ബെല്‍റ്റിലെ വസ്തുക്കള്‍ അവയ്ക്കുള്ളില്‍ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന സൂചന നല്‍കുന്ന രീതിയിലാണ് ചലിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ട്രാന്‍സ്- നെപ്ട്യൂണിയന്‍ വസ്തുക്കളെ (ടിഎന്‍ഒ) പഠിക്കുന്നതിനിടെയാണ് ചില വസ്തുക്കളുടെ ഭ്രമണപഥങ്ങള്‍ വിചിത്രസ്വാഭാവം പ്രകടിപ്പിക്കുന്ന കാര്യം ഗവേഷകര്‍ നിരീക്ഷിച്ചത്.

ഇത്തരത്തിൽ ഒരു ഗ്രഹം ഉണ്ടെങ്കില്‍ അതിന് ഭൂമിയേക്കാള്‍ 1.5 മുതല്‍ 3 ഇരട്ടി വരെ പിണ്ഡമുണ്ടാവാം. സൂര്യനില്‍ നിന്ന് 250 ആസ്ട്രോണമിക്കല്‍ യുണിറ്റിനും 500 ആസ്ട്രോണമിക്കല്‍ യൂണിറ്റിനും ഇടയിലുള്ള ഭ്രമണപഥത്തില്‍ 30 ഡിഗ്രി ചരിവിലാണ് ഗ്രഹം സ്ഥിതി ചെയ്യുന്നതെന്നും പഠനത്തിൽ പറയുന്നു.