ഇന്തോനേഷ്യയുടെ ആദ്യ ഗോൾഡൻ വിസ സാം ആൾട്ട്‌മാന്:എ ഐ ഇക്കോസിസ്റ്റം വികസിപ്പിക്കാൻ രാജ്യം

0
561

ഓപ്പൺ എഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ആൾട്ട്‌മാന് ആദ്യ ഗോൾഡൻ വിസ അനുവദിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സാം ആൾട്ട്‌മാന് 10 വർഷത്തെ വിസ അനുവദിച്ചത്.

ഗോൾഡൻ വിസ ഉള്ളവർ ഇന്തോനേഷ്യയിൽ എത്തിയാൽ, ഇമിഗ്രേഷൻ ഓഫീസിൽ താൽക്കാലിക താമസ പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. കൂടാതെ ഇന്തോനേഷ്യയിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ ക്യൂ മറികടക്കാനും കൂടുതൽ എളുപ്പത്തിൽ രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. സമ്പന്നരായ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

2.5 മില്യൺ ഡോളർ നിക്ഷേപിച്ചാൽ അഞ്ച് വർഷവും, 5 മില്ല്യൺ ഡോളർ നിക്ഷേപിച്ചാൽ 10 വർഷവും താമസിക്കാവുന്ന ഗോൾഡൻ വിസയാണ് ഇന്തോനേഷ്യ പുറത്തിറക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇക്കോസിസ്റ്റം വികസിപ്പിക്കാനും രാജ്യം ലക്ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് സംസാരിക്കാൻ ആൾട്ട്മാൻ ഇന്തോനേഷ്യ സന്ദർശിച്ചിരുന്നു.