ഫ്രാക്ഷണൽ ഉടമസ്ഥാവകാശം: ഇന്ത്യയിൽ അവതരിപ്പിക്കുന്നത് പരിഗണനയിൽ

0
394

ഉയർന്ന വിലയുള്ള, മൂല്യമേറിയ ഓഹരികൾ സ്വന്തമാക്കാൻ ശരാശരി റീട്ടെയിൽ നിക്ഷേപകരേയും അനുവദിക്കുന്ന, ഫ്രാക്ഷണൽ ഷെയറുകൾ എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്. ഫ്രാക്ഷണൽ ഉടമസ്ഥാവകാശം സെബിക്ക് ചെയ്യാൻ താൽപ്പര്യമുള്ള കാര്യമാണെന്നും എന്നാൽ ഇതിന് സെബി നിയമത്തിലും കമ്പനി നിയമത്തിലും മാറ്റങ്ങൾ ആവശ്യമാണെന്നും സെബി ചെയർപേഴ്‌സൺ അറിയിച്ചു. മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫോറത്തിൽ സംസാരിക്കവെയാണ് ചെയർപേഴ്‌സൺ ഇക്കാര്യം പറഞ്ഞത്. ഫ്രാക്ഷണൽ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.

ഫ്രാക്ഷണൽ ട്രേഡിംഗിലൂടെ ഒരു നിക്ഷേപകന് ഒരു ഷെയറിന്റെ ഒരു ഭാഗം വാങ്ങാൻ കഴിയും. ഉദാഹരണത്തിന്, എംആർഎഫിന്റെ ഒരു ഷെയറിന്റെ വില നിലവിൽ ഏകദേശം 1.09 ലക്ഷം രൂപയാണ്. കമ്പനിയുടെ ഒരു ഓഹരി വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ഒരു ഷെയർ ലഭിക്കുന്നതിന് ഒരു ലക്ഷത്തിലധികം നൽകണം. ഫ്രാക്ഷണൽ ഉടമസ്ഥാവകാശം അനുവദിക്കുകയാണെങ്കിൽ, ഒരാൾക്ക് 25,000 രൂപ നിക്ഷേപിച്ച് ഓഹരിയുടെ നാലിലൊന്നോ, ചെറിയ ഭാഗങ്ങൾ അനുവദിക്കുകയാണെങ്കിൽ അതിലും കുറവോ നേടാം.

പേജ് ഇൻഡസ്ട്രീസ് (39,612 രൂപ), ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ (39,308 രൂപ), ശ്രീ സിമന്റ് (25,681 രൂപ), അബോട്ട് ഇന്ത്യ (രൂപ 22,800), നെസ്‌ലെ ഇന്ത്യ (21,922 രൂപ) തുടങ്ങി ഓഹരി വില 20,000 രൂപയിൽ കൂടുതലുള്ള നിരവധി ഇന്ത്യൻ കമ്പനികളുണ്ട്. ഫ്രാക്ഷണൽ ഉടമസ്ഥാവകാശം ഇതിനകം തന്നെ യുഎസ് വിപണികളിൽ അനുവദനീയമാണ്. കൂടാതെ നിരവധി ഇന്ത്യൻ നിക്ഷേപകരും ആപ്പിൾ, മെറ്റാ, ആൽഫബെറ്റ് തുടങ്ങിയ ജനപ്രിയ കമ്പനികളുടെ ഫ്രാക്ഷണൽ ഷെയറുകൾ വാങ്ങിയിട്ടുണ്ട്.