ഇന്ത്യയിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികളിൽ 3 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്തുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ. ഏഷ്യാ പസഫിക്കിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികൾക്കായി കമ്പനി അനുവദിച്ച 15 മില്യൺ ഡോളർ ഫണ്ടിന്റെ ഭാഗമാണ് വിഹിതം. കാലാവസ്ഥാ പ്രതിരോധവും ജൈവവൈവിധ്യവും വർദ്ധിപ്പിക്കുന്ന, പ്രകൃതി സംരക്ഷണത്തിനും പുനരുദ്ധാരണ പദ്ധതികൾക്കും പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾക്കായി 2019-ൽ സൃഷ്ടിച്ച ആമസോണിന്റെ 100 ദശലക്ഷം ഡോളർ റൈറ്റ് നൗ ക്ലൈമറ്റ് ഫണ്ടിൽ നിന്നാണ് 15 ദശലക്ഷം ഡോളർ വിഹിതം ലഭിക്കുന്നത്.
ആമസോണിന്റെ ആദ്യ പ്രോജക്റ്റിൽ, ഇന്ത്യയിലെ എല്ലാ വന്യജീവി ഇനങ്ങളിലേയും 30 ശതമാനത്തിലധികം വസിക്കുന്ന പശ്ചിമഘട്ടത്തിലെ കമ്മ്യൂണിറ്റികളെയും സംരക്ഷണ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനായി സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസുമായി (സിഡബ്ല്യുഎസ്) ചേർന്ന് പ്രവർത്തിക്കും. വൈൽഡ് കാർബൺ പദ്ധതി സ്ഥാപിക്കുന്നതിന് ആമസോൺ സിഡബ്ല്യുഎസിന് 1 മില്യൺ ഡോളർ നൽകും. ഇത് ഫല വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, മരങ്ങൾ എന്നിവ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന് 10,000 കർഷകരെ സഹായിക്കും
വിശാലമായ വനങ്ങളും സമ്പന്നമായ തീരപ്രദേശങ്ങളും ഉൾപ്പെട്ട ഏഷ്യ-പസഫിക് പ്രദേശം കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മരുഭൂമീകരണം എന്നീ വെല്ലുവിളികൾ നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോൺ ആഗോള വക്താവ് കാരാ ഹർസ്റ്റ് പറഞ്ഞു.