ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളാണ് ഒന്നാം സ്ഥാനത്ത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ റജിസ്റ്റർ ചെയ്ത 30,146 പുതിയ കമ്പനികളിൽ 6,717 (22.3%) എണ്ണം ഇന്ത്യക്കാരുടേതാണ്.
39 ശതമാനമാണ് ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചാനിരക്ക്. ഇതോടെ ദുബായിൽ രജിസ്റ്റര്‍ ചെയ്ത മൊത്തം ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 90,118 ആയി. ഇന്ത്യ കഴിഞ്ഞാല്‍ 4,445 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. 3,395 പുതിയ കമ്പനികളുമായി പാകിസ്ഥാൻ മൂന്നാം സ്ഥാനത്തെത്തി. 59 ശതമാനം ആണ് പാകിസ്ഥാൻ കമ്പനികളുടെ വളർച്ചാ നിരക്ക്. രജിസ്റ്റർ ചെയ്ത പാകിസ്ഥാനി കമ്പനികളുടെ ആകെ എണ്ണം 40,315 ആണ്.
ഇത്രയധികം ഇന്ത്യന്‍ കമ്പനികള്‍ ദുബായില്‍ ആരംഭിക്കുന്നതിന് പ്രധാന കാരണമായത് ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ആണ്. ദുബായുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ കമ്പനികളുടെ സംഭാവന വളരെ വിലപ്പെട്ടതാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത പറഞ്ഞു.