അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 2,000 എഞ്ചിനീയർമാരെ നിയമിക്കുമെന്ന് ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ എയർബസ്. ഇതോടെ കമ്പനിയിലെ മൊത്തം ഇന്ത്യൻ എഞ്ചിനീയർമാരുടെ എണ്ണം 5,000 ആയി ഉയരും. കമ്പനി ഇന്ത്യയെ ഒരു വിപണിയായി മാത്രമല്ല ഒരു “ടാലന്റ് ഹബ്” ആയി കൂടിയാണ് കാണുന്നതെന്ന് എയർബസ് ഇന്ത്യ പ്രസിഡന്റും സൗത്ത് ഏഷ്യ എംഡിയുമായ റെമി മെയിലാർഡ് പറഞ്ഞു.
വഡോദരയിലെ ഗതി ശക്തി വിശ്വവിദ്യാലയവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ എയർബസ് ധാരണാപത്രവും ഒപ്പുവച്ചു. എയ്‌റോസ്‌പേസ് മേഖലയിൽ ഒരു പുതിയ എഞ്ചിനീയറിംഗ് കോഴ്‌സ് ആരംഭിക്കുന്നതിന് ഇത് വഴിയൊരുക്കും.
ഈ സെപ്റ്റംബറിൽ കമ്പനി ആദ്യത്തെ C-295 വിമാനം ഇന്ത്യൻ എയർഫോഴ്‌സിന് കൈമാറും. ആദ്യത്തെ മേക്ക്-ഇൻ-ഇന്ത്യ C-295 മിലിട്ടറി എയർക്രാഫ്റ്റ് 2026 സെപ്റ്റംബറിൽ എത്തിക്കുമെന്നും ന്യൂ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച എയർബസ് ഇന്ത്യ പ്രസിഡന്റ് പറഞ്ഞു. 56 C-295 വിമാനങ്ങൾ കൈമാറുന്നതിനാണ് ഇന്ത്യൻ എയർഫോഴ്‌സുമായി എയർബസ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ 40 എണ്ണം പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കും. ബാക്കി 16 വിമാനങ്ങൾ സ്‌പെയിനിൽ നിന്ന് എത്തിക്കും. ലോകത്തിലെ ഏറ്റവും വിശ്വസനീയവും ആശ്രയയോഗ്യവുമായ പങ്കാളിയായാണ് ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.