കുട്ടികൾക്ക് മടി: പകരം റോബോട്ടിനെ സ്കൂളില്‍ വിടാന്‍ ജപ്പാന്‍

0
541

വിദ്യാർഥികൾക്ക് പകരം സ്കൂളിൽ പോകാനും ക്ലാസ് മുറികളിൽ ഇരുന്ന് പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങി ജാപ്പനീസ് നഗരമായ കുമാമോട്ടോ. ഈ റോബോട്ടുകളിലൂടെ വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും. സ്കൂളിൽ പോകാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്ക് ഒരു പഠന സഹായിയെന്ന നിലയിലും, സ്കൂളിലേക്ക് വരാൻ മടിയുള്ള വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് ഈ പദ്ധതി.

ഇത്തരത്തിൽ റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ സ്കൂളുമായുള്ള കുട്ടികളുടെ അപരിചിതത്വം ഒഴിവാക്കാനും സാധിക്കും. മൈക്രോഫോണുകൾ, സ്പീക്കറുകൾ, ക്യാമറകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്ന മൂന്നടി വലിപ്പമുള്ള ഈ റോബോട്ടുകൾ സ്വയം ചലന ശേഷിയുള്ളവരായിരിക്കും. നവംബർ മാസത്തോടെ റോബോട്ടുകളെ ക്ലാസ് മുറികളിൽ അവതരിപ്പിക്കാനാണ് തീരുമാനം.

കോവിഡ്-19 വ്യാപനത്തിന് ശേഷം സ്കൂളിൽ വരുന്നതിനു കുട്ടികൾ വിമുഖത കാട്ടുന്നത് വർദ്ധിച്ചതോടെയാണ് റോബോട്ടുകളെ അവതരിപ്പിക്കാനുള്ള തീരുമാനം എടുത്തത്. 2022 അധ്യയന വർഷത്തിൽ, കുമാമോട്ടോയിൽ 2,760 പ്രൈമറി, ജൂനിയർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്ലാസുകളിൽ ഹാജരായില്ല.