സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ ഏറിയ പങ്കും വകയിരുത്തുന്നത് ശമ്പളത്തിനും പെന്‍ഷനും. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തി ബിസിനസ്‌ലൈനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 68,282 കോടി രൂപയാണ് കേരളം ശമ്പളത്തിനും പെന്‍ഷനുമായി 2024 സാമ്പത്തിക വര്‍ഷത്തില്‍ നീക്കിവച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനമാണിത്. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപ കേരളം ചെലവിടുന്നത് ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമാണ്. ഇതിനോടൊപ്പം വായ്പകള്‍ക്കുള്ള പലിശ കൂടി ചേര്‍ത്താൽ മൊത്തം തുക 94,258 കോടി രൂപയാകും. അതായത് മൊത്തം ചെലവിന്റെ 54 ശതമാനം.
ഉത്തര്‍പ്രദേശാണ് കേരളത്തിന്റെ തൊട്ട് പിന്നിൽ. ചെലവുകളുടെ 38 ശതമാനമാണ് ശമ്പളത്തിനും പെന്‍ഷനുമായി യു.പി നീക്കിവയ്ക്കുന്നത്. എന്നാൽ യു.പിയിലെ സാഹചര്യങ്ങള്‍ കേരളത്തിൽ നിന്ന് വ്യത്യസ്തമാണ്. യു.പിയിൽ ഏകദേശം 27 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമുള്ളപ്പോൾ കേരളത്തിൽ ഇത് അഞ്ച് ലക്ഷത്തോളമാണ്.
ചെലവിന്റെ സിംഹഭാഗവും ശമ്പളവും പെന്‍ഷനും ആയതിനാൽ മൂലധന ചെലവ് ഉള്‍പ്പെടെയുള്ള പ്രൊഡക്ടീവായ കാര്യങ്ങള്‍ക്ക് കേരളത്തിന് അധികം തുക ചെലവിടാനാകുന്നില്ല. ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൂലധന ചെലവഴിക്കല്‍ 66,278 കോടി രൂപയാണ്.