എ.ടി.എം, ഡെബിറ്റ് കാര്‍ഡുകളില്ലാതെ പണം പിന്‍വലിക്കാം:യു.പി.ഐ എ.ടി.എം റെഡി

0
682

കാര്‍ഡുകളില്ലാതെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യു.പി.ഐ എ.ടി.എം തയ്യാർ. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ) യുമായി സഹകരിച്ച് ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് ആണ് എ.ടി.എം അവതരിപ്പിച്ചത്. ജപ്പാൻ ആസ്ഥാനമായ ഹിറ്റാച്ചിയുടെ അനുബന്ധ സ്ഥാപനമായ ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ്, മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് എ.ടി.എം അവതരിപ്പിച്ചത്. യു.പി.ഐ എ.ടി.എം വഴി പണം പിൻവലിക്കുന്നതിന് മൊബൈല്‍ ഫോണ്‍ മാത്രം മതിയാകും.

കാര്‍ഡിന് പകരം യു.പി.ഐ വിവരങ്ങള്‍ നല്‍കിയാണ് പണം പിന്‍വലിക്കേണ്ടത്. ഇതിനായി ആദ്യം എ.ടി.എമ്മിലെ യു.പി.ഐ വിത്‌ഡ്രോവല്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് പിന്‍വലിക്കേണ്ട തുക അടിക്കുന്നതോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും. ഭീം, ജിപേ, ഫോണ്‍പേ, പേ.ടി.എം തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തതിനു ശേഷം യു.പി.ഐ പിന്‍നമ്പര്‍ ടൈപ്പ് ചെയ്യണം. ഇതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പണം ലഭിക്കും.

ഒറ്റത്തവണ 10,000 രൂപവരെ ഇത്തരത്തില്‍ പിന്‍വലിക്കാം. യു.പി.ഐ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചിരിക്കുന്ന പരിധിയാണിത്. കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ സഹായിക്കുന്ന വൈറ്റ് ലേബൽ എ.ടി.എമ്മാണ് യു.പി.ഐ എ.ടി.എം. ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് വൈറ്റ് ലേബൽ എടിഎമ്മുകൾ.