മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ വീ കെയർ സ്കീമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഈ മാസം അവസാനിക്കും. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതാണ് എസ്ബിഐയുടെ വീ കെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം. 2020ൽ കൊവിഡ് മഹാമാരി സമയത്താണ് മുതിർന്ന പൗരൻമാർക്കായി എസ്ബിഐ ഈ സ്പെഷ്യൽ സ്കീം അവതരിപ്പിച്ചത്.
എസ്ബിഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, പൊതുജനങ്ങൾക്കുള്ള പലിശ നിരക്കിനേക്കാൾ 50 ബിപിഎസ് (നിലവിലുള്ള പ്രീമിയം 50 ബിപിഎസിനു പുറമെ) അധിക പ്രീമിയം, മുതിർന്ന പൗരൻമാർക്ക് ലഭിക്കും. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. 7.50 ശതമാനം പലിശ നിരക്ക് ആണ് നിക്ഷേപകർക്ക് ലഭിക്കുക. നികുതി കുറച്ചതിനു ശേഷമായിരിക്കും പലിശ ലഭ്യമാവുക. 2023 സെപ്റ്റംബര്‍ 30 ആണ് എസ്ബിഐ വീ കെയറിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി.