ബെഞ്ച്മാർക്ക് സൂചികകളിൽ ഇടിവുണ്ടായെങ്കിലും ഓഗസ്റ്റില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വർദ്ധന. 31 ലക്ഷം അക്കൗണ്ടുകളാണ് ഓഗസ്റ്റില്‍ മാത്രം തുറന്നത്. 2022 ജനുവരിക്കു ശേഷമുള്ള ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. ജൂലൈയില്‍ 29.7 ലക്ഷം അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 2.51 ശതമാനം വർദ്ധനവുണ്ടായി.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 25.83 ശതമാനമാണ് വര്‍ദ്ധന. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടി പിന്നിട്ടു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസമുയര്‍ത്തിയതാണ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വർദ്ധനയുണ്ടാക്കിയത്.
സ്‌മോൾ ക്യാപ് സൂചികകൾ നിഫ്റ്റിയെയും സെൻസെക്‌സിനെയും മറികടക്കുന്നതും ഇക്വിറ്റി വിപണിയിലെ റീട്ടെയിൽ നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിപ്പിച്ചു. സാമ്പത്തിക വളർച്ചയും നവീകരിച്ച അടിസ്ഥാന സൗകര്യങ്ങളും റിയൽ എസ്റ്റേറ്റ് വികസനവും ഭാവിയിൽ വിപണിയിൽ പങ്കാളിത്തം വർദ്ധിപ്പിക്കും.