കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ഡിജിറ്റൽ ഇടപാടുകളുടെ കുതിച്ചുചാട്ടം ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ കുറച്ചു. കൂടാതെ ചെറിയ മൂല്യമുള്ള ഇടപാടുകൾക്കുളള ഏറ്റവും ജനപ്രിയ മാർഗമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മാറിയെന്നും ആർബിഐ ഡാറ്റ പറയുന്നു. 2020 ജൂലൈയിൽ, മൊത്തം ഡെബിറ്റ് കാർഡ് പേയ്‌മെന്റ് 2.81 ട്രില്യൺ രൂപയായിരുന്നു. 2023 ജൂലൈയിൽ ഇത് 11.96 ശതമാനം വളർന്ന് 3.15 ട്രില്യൺ രൂപയായി.
ഇതേ കാലയളവിൽ യുപിഐ പേയ്‌മെന്റുകൾ 2.90 ട്രില്യൺ രൂപയിൽ നിന്ന് 15.33 ട്രില്യൺ രൂപയായി ഉയർന്നു. അതായത് 428 ശതമാനം വളർച്ച. ചെറിയ ഇടപാടുകൾക്കായി യുപിഐ സൗകര്യാർത്ഥം ഉപയോഗിക്കാൻ കഴിയുമെന്നതിനാലാണ് ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ ഇടിവുണ്ടായത്. ഈ വർഷം ഓഗസ്റ്റിൽ യുപിഐ ഇടപാടുകൾ ഒരു മാസത്തിനിടെ ആദ്യമായി 10 ബില്യൺ രൂപയിലെത്തിയിരുന്നു.
മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ യുപിഐ പേയ്‌മെന്റുകൾ ഇപ്പോൾ 15 ട്രില്യൺ രൂപയിലധികമാണ്. ഡിജിറ്റൈസേഷന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ, അടുത്ത 18 മാസത്തിനുള്ളിൽ പ്രതിമാസം 20 ബില്യൺ രൂപയുടെ യുപിഐ ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്.