മ്യൂച്വൽ ഫണ്ടുകളിൽ റെക്കോർഡ് നിക്ഷേപം: ഓഗസ്റ്റിൽ എത്തിയത് 15,813 കോടി

0
288

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാ‍ൻ വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,813 കോടി രൂപയുടെ റെക്കോർഡ് നിക്ഷേപം നടന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) അറിയിച്ചു. തുടർച്ചയായ 30-ാം മാസമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം വരുമാനം അടിസ്ഥാനമാക്കിയുള്ള സ്കീമുകളിൽ നിന്ന് 25,872 കോടി രൂപ പുറത്തേക്ക് ഒഴുകിയതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ രേഖപ്പെടുത്തിയ 15,244 കോടി രൂപയായിരുന്നു എസ്ഐപിയുടെ ഇതുവരെയുളള ഉയർന്ന നിക്ഷേപം. ഓഗസ്റ്റ് അവസാനത്തോടെ എസ്‌ഐ‌പിക്ക് കീഴിൽ കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള ആസ്തി (എയുഎം) 8.47 ലക്ഷം കോടി രൂപയായെന്നും, ഓഗസ്റ്റ് മാസത്തിൽ മാത്രം 35 ലക്ഷം പുതിയ എസ്‌ഐപികൾ ആരംഭിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ സിഇഒ എൻ എസ് വെങ്കിടേഷ് പറഞ്ഞു. റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ മികച്ച രീതിയിൽ നിക്ഷേപം തുടരുന്നുണ്ടെന്നും, ഭാവിയിലും ഇതേ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുൻ മാസത്തെ 4,171.44 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾക്ക് 4,265 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ടുകൾ ഓഗസ്റ്റിൽ 2,512 കോടി രൂപയുടെ നിക്ഷേപം രേഖപ്പെടുത്തി. മുൻ മാസം ഇത് 1,623 കോടി രൂപയായിരുന്നു. അതേസമയം, ബിഗ് ക്യാപ് ഫണ്ടുകൾ 348 കോടി രൂപയും, ഫോക്കസ്ഡ് ഫണ്ട് വിഭാഗത്തിൽ നിന്ന് 471 കോടി രൂപയും പുറത്തേക്ക് ഒഴുക്കി. മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ മൊത്തം ആസ്തി (എയുഎം) ജൂലൈയിലെ 46.37 ലക്ഷം കോടിയിൽ നിന്ന് ഓഗസ്റ്റിൽ 46.93 ലക്ഷം കോടിയായി വളർന്നു.