നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ (NSE) ഓഹരി വില സൂചിക ‘നിഫ്റ്റി’ ചരിത്രത്തിൽ ആദ്യമായി 20,000 പോയിന്റിനു മുകളിലെത്തി. ജൂലൈ 20ന് 19,991.85 പോയിന്റിൽ റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം പിന്നോട്ടുപോയ നിഫ്റ്റി 36 വ്യാപാരദിനങ്ങൾ കൊണ്ടാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. 2020 ജൂണിൽ 10,000 തൊട്ട നിഫ്റ്റി 38 മാസം കൊണ്ടാണ് 20,000 പോയിന്റിൽ എത്തിയത്. അതേസമയം, 67,619.17 നിലവാരത്തിൽ റെക്കോർഡിട്ടു പിന്നോട്ട് പോയ സെൻസെക്സിന് ആ നേട്ടം മറികടക്കാൻ ഇനിയും 492.09 പോയിന്റ് മുന്നേറണം.
നിഫ്റ്റി മുന്നേറ്റത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ കൈവരിച്ച നേട്ടവും ശ്രദ്ധേയമായി. ക്രൂഡ്‌ഓയിൽ വിലക്കയറ്റം, യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിട്ട തകർച്ച, ആഗോള വിപണികളിലെ അരക്ഷിതത്വം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾക്കൊന്നും ഇന്ത്യൻ വിപണിയെ തളർത്താനായില്ല. നിഫ്റ്റി 20,008.15 പോയിന്റ് വരെ ഉയർന്നെങ്കിലും വ്യാപാരാവസാനത്തിൽ 19,996.30 നിലവാരത്തിലായിരുന്നു. സെൻസെക്സ് 67,127.08 പോയിന്റിലാണ് അവസാനിച്ചത്.
20,000 പോയിന്റ് എന്നതു മുന്നേറ്റപാതയിലെ നാഴികക്കല്ലു മാത്രമാണെന്നും ലക്ഷ്യം ഇനിയും മുന്നിലാണെന്നുമുള്ള വിലയിരുത്തലാണു വിപണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നടത്തുന്നത്. സൂചികയെ റെക്കോർഡ് ഉയരത്തിലെത്തിക്കാൻ 50-ൽ 49 സ്റ്റോക്കുകളും സഹായിച്ചപ്പോൾ, യുപിഎൽ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്. കാർഷിക രാസവസ്തുക്കളും വ്യാവസായിക രാസവസ്തുക്കളും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് യുപിഎൽ.