കമ്പനികൾ വിറ്റ് കടം വീട്ടാൻ ബൈജൂസ്: 6 മാസത്തിനകം ബാധ്യതകൾ തീർക്കും

0
535

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാൻ പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് തീരുമാനം. കടക്കെണിയിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ് തിരികെ കൊണ്ടുവരാനുമുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന് വായ്പാ ദാതാക്കളോട് കഴിഞ്ഞ ദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ മുപ്പത് കോടി ഡോളറും പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ ബാക്കി തുകയും തിരിച്ചടയ്ക്കാമെന്നായിരുന്നു ബൈജൂസിന്റെ വാഗ്ദാനം.

വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ബൈജൂസിന്റെ തിരിച്ചടവ് വാഗ്ദാനം. എന്നാൽ ബൈജൂസിന്റെ തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും എങ്ങനെ ഫണ്ട് ചെയ്യുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തേടുമെന്നും വായ്പാദാതാക്കൾ വ്യക്തമാക്കി.

2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5 വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ടായിരത്തിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. കഴിഞ്ഞ ജൂൺ മാസത്തിലും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു.