നിർമ്മാണ കമ്പനികളെ കടത്തിവെട്ടി ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം

0
264

വിദേശനാണ്യ വരുമാനത്തിൽ സ്ഥിരതയുള്ളവരായി ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസും, വിപ്രോയും, എച്ച്‌സിഎൽ ടെകും. 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി, ഈ കമ്പനികളുടെ സംയുക്ത ഫോറെക്സ് വരുമാനം മറ്റ് മേഖലകളിലെ എണ്ണ, വാതക കമ്പനികളുടെയും, എണ്ണ-വാതക ഇതര കമ്പനികളുടെയും വരുമാനത്തെ മറികടന്നു. എണ്ണ-വാതക ഇതര വിഭാഗത്തിൽ ഉൾപ്പെടുന്നത് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ്, ഓട്ടോ ആൻസിലറികൾ, വ്യാവസായിക ലോഹങ്ങൾ, ക്യാപിറ്റൽ ഗുഡ്സ്, രാസവസ്തുക്കൾ, തുണിത്തരങ്ങൾ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ വ്യവസായങ്ങളാണ്.

ലിസ്‌റ്റഡ് ഐടി സ്ഥാപനങ്ങളുടെ സംയോജിത ഫോറെക്‌സ് വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 20.7 ശതമാനം ഉയർന്ന് 5.14 ട്രില്യൺ രൂപയായപ്പോൾ, നിർമ്മാണ കമ്പനികളുടെ (എക്‌സ്-ഐടി, ഓയിൽ & ഗ്യാസ്) ഫോറെക്‌സ് വരുമാനം 5 ശതമാനം ഇടിഞ്ഞ് 5.08 ട്രില്യൺ രൂപയായി. അതേസമയം ഐടി സേവന സ്ഥാപനങ്ങൾ കയറ്റുമതി ബിസിനസിലും വളർച്ച നിലനിർത്തി. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ വ്യാപകമായ മാന്ദ്യം നിലനിൽക്കുമ്പോഴും സേവന കയറ്റുമതി, പ്രത്യേകിച്ച് ഐടി ശക്തമായി തുടരുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഐടി കമ്പനികളുടെ കയറ്റുമതി വരുമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) 14.6 ശതമാനം വികസിച്ചു. കൂടാതെ, 2023 സാമ്പത്തിക വർഷത്തിലെ കയറ്റുമതി വരുമാനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്, മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് (എംആർപിഎൽ) തുടങ്ങിയ ക്രൂഡ് ഓയിൽ റിഫൈനറുകളെയും ഐടി മേഖല മറികടന്നു. 2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയത് റിലയൻസ് ഇൻഡസ്ട്രീസാണ്. 3.37 ട്രില്യനാണ് വരുമാനം. 1.83 ട്രില്യൺ വരുമാനവുമായി ടാറ്റ കൺസൾട്ടൻസി സർവീസസും, 1.21 ട്രില്യൺ വരുമാനവുമായി ഇൻഫോസിസുമാണ് പിന്നിൽ. വിപ്രോ (63,700 കോടി രൂപ), എംആർപിഎൽ (45,500 കോടി രൂപ), എച്ച്‌സിഎൽ ടെക് (40,900 കോടി രൂപ) എന്നിവയാണ് മികച്ച വരുമാനം നേടിയ മറ്റ് കമ്പനികൾ.