വാട്‌സാപ്പിൽ ‘ചാനൽ’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വാട്‌സാപ്പിലൂടെ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അവരുടെ സബ്‌സ്‌ക്രൈബേഴ്‌സിനോട് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള ബ്രോഡ്കാസ്റ്റ് സംവിധാനമാണ് വാട്‌സാപ്പ് ‘ചാനല്‍’. ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് ചാനല്‍. സെലിബ്രിറ്റികളായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ ഇതിനകം വാട്‌സാപ്പ് ചാനലിന് തുടക്കമിട്ടു.
വാട്‌സാപ്പ് ചാനല്‍ ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു ചാനലിലേക്ക് പ്രവേശിക്കാം. കൂടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ താത്പര്യത്തിനനുസരിച്ച് ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കും. വാട്‌സാപ്പ് അപ്ഡേറ്റ്സ് എന്ന പുതിയ ടാബിലാണ് വാട്‌സാപ്പ് ചാനല്‍ കാണാനാകുക. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുക. വണ്‍വേ ബ്രോഡ്കാസ്റ്റ് സംവിധാനമായതിനാല്‍ ഉപയോക്താക്കള്‍ക്ക് തിരികെ സന്ദേശമയക്കാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ക്ക് എഴുത്തുകളും, ചിത്രങ്ങളും, സ്റ്റിക്കറുകളും ഷെയര്‍ ചെയ്യാനാകും. ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ താരങ്ങൾ, സ്‌പോർട്‌സ് ടീമുകൾ, കലാകാരന്മാർ, നേതാക്കൾ, ഓർഗനൈസേഷനുകൾ എന്നിവയെ വാട്സാപ്പ് ചാനലിലൂടെ ഫോളോ ചെയ്യാം.
ചാനലുകള്‍ പിന്തുടരുന്നവര്‍ക്ക് മറ്റുള്ള ഫോളോവേഴ്സിന്റെ ഫോണ്‍ നമ്പറോ, പ്രൊഫൈല്‍ ഫോട്ടോയോ കാണാന്‍ സാധിക്കില്ല. എന്നാല്‍ അഡ്മിന് ഫോളോവേഴ്‌സിന്റെ പ്രൊഫൈല്‍ കാണാന്‍ കഴിയും. ഇതില്‍ അഡ്മിന് തന്റെ പോസ്റ്റുകള്‍ 30 ദിവസം വരെ എഡിറ്റ് ചെയ്യാനും സാധിക്കും. 2023 ജൂണിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചര്‍ വാട്‌സാപ്പ് ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യ അടക്കം 150ല്‍ അധികം രാജ്യങ്ങളിൽ ചാനൽ ഫീച്ചര്‍ ലഭ്യമാണ്.