സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും

0
477

രാജ്യത്ത് വളര്‍ന്നുവരുന്ന 26 സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം പകരുന്നതാണ് ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട്. ഗുണനിലവാരമുള്ള മാനവവിഭവശേഷിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഈ നഗരങ്ങളിലുണ്ട്. സ്റ്റാര്‍ട്ടപ്പ് സാന്ദ്രത കൂടുതലുളള ഈ രണ്ട് നഗരങ്ങളും ഭാവിയിലെ വികസനത്തിന് കരുത്താകുമെന്നും സര്‍വേയില്‍ പറയുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയുടെ മികച്ച പ്രകടനവും ശക്തമായ ഇന്റര്‍-സിറ്റി, ഇന്‍ട്രാ-സിറ്റി കണക്റ്റിവിറ്റിയും കൊച്ചിയും തിരുവനന്തപുരവും വാഗ്ദാനം ചെയ്യുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കൊച്ചി, റിയൽ എസ്റ്റേറ്റ് മേഖലയിൽ മികവ് പുലർത്തുന്നു.

അതേസമയം എഡ്‌ടെക്, ഹെൽത്ത് ടെക്, ഫിൻടെക് തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി, റോബോട്ടിക്‌സ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെയും വികസനത്തിന്റെ കാര്യത്തിൽ തിരുവനന്തപുരത്തിന് നേരിയ മുൻതൂക്കമുണ്ട്. ഒന്നാം നിര നഗരങ്ങളിലെ പല കമ്പനികളും കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി നാസ്‌കോമിന്റെ കേരള റീജിയണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിജയ് കുമാര്‍ പറഞ്ഞു.