ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് ഇൻഫോസിസ്. ടൈം മാഗസിനും ഓൺലൈൻ ഡാറ്റ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയും ചേർന്ന് പുറത്തിറക്കിയ 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ആദ്യ 100 ൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് ഐടി ഭീമനായ ഇൻഫോസിസ്. ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ്, മെറ്റാ എന്നിവ ആദ്യ സ്ഥാനങ്ങളിലുള്ള പട്ടികയിൽ ഇൻഫോസിസ് 64-ാം സ്ഥാനത്താണ്.
വരുമാന വളർച്ച, ജീവനക്കാരുടെ സംതൃപ്തി, കർശനമായ പാരിസ്ഥിതിക, സാമൂഹിക, കോർപ്പറേറ്റ് ഗവേണൻസ് ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്. 750 കമ്പനികളുളള പട്ടികയിൽ ഇൻഫോസിസിനെ കൂടാതെ ഏഴ് ഇന്ത്യൻ കമ്പനികൾ കൂടിയുണ്ട്. വിപ്രോ ലിമിറ്റഡ് (174), മഹീന്ദ്ര ഗ്രൂപ്പ് (210), റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (248), എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് (262), എച്ച്ഡിഎഫ്സി ബാങ്ക് (418), ഡബ്ല്യുഎൻഎസ് ഗ്ലോബൽ സർവീസസ് (596), ഐടിസി ലിമിറ്റഡ് (596) എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.
1981-ൽ സ്ഥാപിതമായ ബംഗളൂരു ആസ്ഥാനമായുള്ള ഇൻഫോസിസ് 3,36,000-ത്തിലധികം ജീവനക്കാരുള്ള ഒരു NYSE ലിസ്‌റ്റഡ് ഗ്ലോബൽ കൺസൾട്ടിംഗ്, ഐടി സേവന കമ്പനിയാണ്.